ക്യാമറയുടെ സാങ്കേതികത്വം മനസ്സിലാക്കുന്നതില്‍ ഇന്ന് ഏറ്റവും കൂടുതലായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന രീതി ഏതെന്ന് ചോദിച്ചാല്‍ "പിക്സലുകള്‍ " ആണെന്ന് പറയാം. അയ്യായിരം രൂപയുടെ മൊബൈല്‍ ക്യാമറ വാങ്ങിച്ചു അതില്‍ എട്ടു മെഗാ പിക്സല്‍ ആണെന്ന് പറഞ്ഞു നാല്‍പ്പതിനായിരം രൂപയുടെ പ്രൊഫഷനല്‍ എട്ടു മെഗാ പിക്സല്‍ ക്യാമറ വാങ്ങിയവനെ നോക്കി ചിരിക്കുന്നു. ഇവിടെയാണ് ഓരോ ഉപകരണത്തിലും ഉള്ള സെന്‍സറുകളും അവ എങ്ങിനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത. പ്രശസ്ത ബ്ലോഗര്‍ അപ്പു തന്റെ കാഴ്ചക്കിപ്പുറം എന്ന ബ്ലോഗിലൂടെ സെന്‍സര്‍ സൈസ് സ്പെസിഫിക്കെഷനുകളെ ക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് നല്‍കുന്നുണ്ട്.
ഇന്ന് വ്യാപകമായി ഉപയോഗത്തിലുള്ള സെന്‍സര്‍ ആണ് APS-C സെന്‍സറുകള്‍. ഇവയെ ക്കുറിച്ച് വിശദമായി എഴുതുന്നതിനേക്കാള്‍ നല്ലത് ചിത്രങ്ങളിലൂടെ ലളിതമായി മനസ്സിലാക്കുന്നതാണ് എന്ന് തോന്നുന്നു. അതിനായി ആദ്യം നാം ഉപയോഗിച്ചുരുന്നതും കണ്ടും തൊട്ടും മനസ്സിലാക്കിയിട്ടുള്ളതുമായ ആ ഫിലിം റോളിലേക്ക് ശ്രദ്ധിക്കാം.
നമുക്കെല്ലാം 35 mm ഫിലിം എന്താണെന്ന് അറിയാം . ഈ ഫിലിമുമായാണ് സെന്‍സറുകളെ താരതമ്യം ചെയ്യേണ്ടത്. അതായത് നാം ഉപയോഗിച്ചിരുന്ന 35 mm ഫിലിമുകളുടെ യഥാര്‍ത്ഥ വീതിയും നീളവും 36 mm x 24 mm ആണ്. ഈ അളവ് ഇവിടെ പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്പം സംശയം കൂടുന്നതായി എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. നമ്മള് സാധാരണ SLR സ്റ്റില്‍ ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന 35 mm ഫിലിം ആണ് താഴെ .
ഇതില്‍ വെള്ള നിറത്തിലും മഞ്ഞ നിറത്തിലും രേഖപ്പെടുത്തിയ സ്ഥലത്താണ് ലെന്‍സിലൂടെ വരുന്ന ഇമേജ് പതിക്കുന്നത്. ഈസ്ഥലത്തിന്റെ അളവാണ് നേരത്തെ പറഞ്ഞ 36 x 24 mm എന്നത്. ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയതു നോക്കിയാല്‍ നമുക്ക് 35 mm എന്ന് പറയുന്നതിന്റെ അര്‍ഥം എളുപ്പം മനസ്സിലാക്കാം. ലെന്‍സില്‍ നിന്നും വരുന്ന ഇമേജ് ഫിലിമില്‍ പതിക്കുന്ന രീതിയാണ് താഴെ കാണുന്ന ചിത്രത്തില്‍.

പക്ഷെ ഇപ്പോള്‍ മറ്റൊരു സംശയം കൂടി ചിലരുടെയെങ്കിലും മനസ്സില്‍ വന്നേക്കാം. അപ്പോള്‍ 35 mm എന്ന് പറയുന്ന സിനിമാ ഫിലിം ഇതിലും ചെറുതാണല്ലോ. അതെങ്ങിനെ എന്ന് ? ഉത്തരം ലളിതം.
ചിത്രീകരണത്തില്‍ അവലംബിക്കുന്ന ഫിലിമില്‍ ആലേഖനം ചെയ്യപ്പെടുന്ന ഇമേജുകളുടെ വലിപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഇത്രയും പറഞ്ഞത്. ഇനി നമുക്ക് സെന്‍സറുകള്‍ എന്താണെന്ന് നോക്കാം. ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശ തരംഗത്തെ ഇലക്ട്രോണിക് കണികകളാക്കി മാറ്റുവാന്‍ കഴിവുള്ള പ്രതലത്തെ ആണ് സെന്‍സറുകള്‍ എന്ന് പറയുന്നത്. വീഡിയോ ക്യാമറകളില്‍ നേരത്തെ ഉപയോഗിച്ചിരുന്ന കാതോട് റെ ട്യൂബ് (CRT) ആണ് ഇന്നത്തെ സെന്‍സറുകളുടെ പൂര്വ്വികന്. രണ്ടും ചെയ്തിരുന്ന തത്വം ഒന്ന് തന്നെ. പക്ഷെ ഇന്നത്തെ സെന്‍സറുകള്‍ കഴിവില്‍ ഏറെ മുന്പന് ആണെന്ന് മാത്രം.
സെന്‍സറുകളില്‍ CCD (Charge Coupled Device) , CMOS (Complementary Metal–Oxide–Semiconductor ) എന്നിങ്ങനെ രണ്ടു തരം ആണ് ഇന്ന് കൂടുതല്‍ പ്രചാരത്തില്‍. പൊതുവേ വിലക്കൂടുതല്‍ ഉള്ള CCD സെന്‍സറുകളെ പിന്തള്ളി CMOS സെന്‍സറുകള്‍ ഇന്ന് DSLR ക്യാമറകളില്‍ ആധിപത്യം നേടിക്കഴിഞ്ഞു. ഇതില്‍ പ്രകാശത്തെ നേരിട്ട് കൈകാര്യം ചെയ്തു ഫോട്ടോ എലക്ട്രോടുകള് ആക്കിയും അവയെ ആമ്പ്ലിഫൈ ചെയ്തും ഇമേജിനെ പ്രോസസ് ചെയ്യാന്‍ കഴിവുള്ള APS ( Active Pixel Sensor ) സെന്‍സറുകള്‍ ആവിഷ്കരിച്ചതോടെ ഫോട്ടോഗ്രാഫിയില്‍ ഗുണമേന്മയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റം ആണുണ്ടായത്.
ഞാന്‍ മുകളില്‍ പറഞ്ഞ 35 mm ഫിലിമില്‍ അവലംബിച്ചിട്ടുള്ള സൈസ് നമുക്ക് പരിഗണിക്കാം. ഏതാണ്ട് ഇത് പോലെ തന്നെയാണ് DSLR സെന്‍സറിനും വലിപ്പം അവലംബിച്ചിരിക്കുന്നത്. ഒരു ഫുള്‍ ഫ്രെയിം 35 mm ക്യാമറയുടെ സൈസ് 36 x 24 mm ആയി നിശ്ചയിച്ചിരിക്കുന്നു. വിവിധ ടൈപ്പ് ലെന്‍സുകളും സെന്സരുകളും ആയി ബന്ധപ്പെടുത്തിയിട്ടുള്ള " ക്രോപ്പിംഗ് ഫാക്ടര്‍ " എന്താണെന്ന് ചിത്രങ്ങളിലൂടെ തന്നെ മനസ്സിലാക്കാം.
നാം നേരത്തെ ഫിലിം ക്യാമറയില്‍ കണ്ട അതെ രീതിയില്‍ തന്നെയാണ് ലെന്‍സില്‍ നിന്നും വരുന്ന പ്രതിബിംബം ഇവിടെയും രൂപപ്പെടുന്നത്. Canon EOS 1 D, 5D, Nikon D3, D 700 തുടങ്ങിയ ക്യാമറകളില്‍ ഇത്തരത്തില്‍ ആണ് ഇമേജ് ലഭ്യമാകുന്നത്. ഇനി താഴെ നല്കുന്ന ചിത്രം നോക്കുക. ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള വിവിധ തരം ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളുടെ വലിപ്പം ആണ് വ്യത്യസ്ത കളറുകളില്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വെള്ള നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ഫുള്‍ ഫ്രെയിം ക്യാമറയുടെ സെന്‍സര്‍ വലിപ്പം. പച്ചയിലും ചുവപ്പ് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇന്ന് സാധാരണ പ്രൊഫഷനല്‍ ക്യാമറകളില്‍ കണ്ടു വരുന്ന APS-C സെന്‍സര്‍ സൈസുകള്‍. ഇതില്‍ ചുവപ്പ് നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് കാനന്‍ ക്യാമറകളിലും പച്ച നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് നികോണ്‍ ക്യാമറകളിലും സാധാരണയായി ഉപയോഗിച്ചു വരുന്ന സെന്‍സര്‍ വലിപ്പം . ഇവിടെ x 1.5 ,
x 1.6 എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. നാം ഉപയോഗിക്കുന്ന ലെന്‍സിന്റെ മാഗ്നിഫിക്കെഷനുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒരു അളവാണ് ഇത് ഉദാഹരണത്തിന് 18 - 200 എന്ന ഓള് പര്‍പ്പസ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ലഭ്യമാകുന്ന അളവ് 27 -300 (x1.5) , 28 .8 - 320 (x 1.6) എന്നിങ്ങനെ ആയിരിക്കും.
പിക്ചര്‍ എലിമെന്റ് എന്ന പിക്സലുകള്‍ ഈ വ്യത്യസ്ത വലിപ്പങ്ങളില്‍ സെന്സരുകളില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിത്രങ്ങളുടെ ഗുണ മേന്മയ്ക്ക് പികസലിന്റെ വലിപ്പം എടുത്തു പറയേണ്ടുന്ന ഒന്നാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മൊബൈല്‍ ക്യാമറയിലെ പിക്സലും പ്രൊഫഷനല്‍ ക്യാമറയിലെ പിക്സലും ഒരേ തലത്തില്‍ കാണുവാന്‍ കഴിയില്ല.
ചെറിയ സെന്‍സര്‍ സൈസിനുള്ളില് ചെറിയ പികസലുകള് ധാരാളം കുത്തി നിറച്ചു വച്ചിട്ട് മെഗാ പിക്സലിന്റെ കണക്കു പറഞ്ഞു വ്യാപാര തന്ത്രത്തിനായി ഉപയൊഗിക്കാമെന്നല്ലാതെ ചിത്രത്തിന്റെ ഗുണ മേന്മയില് ലവലേശം വ്യത്യാസം ഉണ്ടാകുന്നില്ല. ചെറിയ പിക്സലുകള്ക്ക് പ്രകാശത്തില്‍ നിന്നും വര്‍ണ്ണങ്ങളെയും മറ്റും വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് തുലോം കുറവ് ആയിരിക്കും. അതിനാല്‍ മൊബൈല്‍ ക്യാമറകളിലും കോമ്പാക്റ്റ്ക്യാമറകളിലും ചെറിയ പിക്സലുകള്‍ ഉള്‍ക്കൊള്ളിച്ചു വില കുറച്ചു നല്കാന് കഴിയുന്നു. മത്സരം ഏറി വന്നതോടെ ചില എന്‍ട്രി ലെവല്‍ DSLR ക്യാമറകളില്‍ ചെറിയ പിക്സലുകള്‍ ഉള്‍ക്കൊള്ളിച്ചു വില കുറച്ചും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. അപ്പോള്‍ പിക്സലിന്റെ വലിപ്പവും സെന്‍സറിന്റെ വലിപ്പവും പ്രൊഫഷനല്‍ ക്യാമറകളില്‍ ഗുണ മേന്മയാര്ന്ന ഇമേജുകള്‍ നല്കാന് പ്രാപ്തമാക്കുന്നു എന്ന് കണ്ടു.
CMOS സെന്‍സറുകളില്‍ കാണപ്പെടുന്ന വിവിധ വലിപ്പങ്ങള്‍ ഇവയാണ്.
24×36 mm Full Frame
APS-C (Nikon): 15.6×23.5 mm
APS-C (Canon): 14.8×22.2 mm
Four Thirds: 13×17.3 mm
2/3": 6.6×8.8 mm
1/1.7": 5.7×7.6 mm
1/2.33": 4.6×6.1 mm
പ്രൊഫഷനല്‍ ആയ ക്യാമറ കൈകാര്യം ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ വിഷയം എന്നതിനാല്‍ Full Frame & APS-C എന്നീ സെന്സറുകളെക്കുറിചായിരിക്കും ഈ ബ്ലോഗിലെ ലേഖനങ്ങളില്‍ ഇനി പ്രദിപാദിക്കുന്നത്.
3 comments:
Thanks Joe
നന്നായിരിക്കുന്നു
superb,,,,,,,,,,,,,
Post a Comment