നേരത്തെ ഈ ബ്ലോഗിലെ ഒരു പോസ്റ്റില്‍ 7D സ്റ്റില്‍ ക്യാമറയില്‍ പിറവിയെടുക്കുന്ന മലയാളം സിനിമയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അന്ന് അതിന്റെ ക്യാമറാമാന് ജോമോന് . ടി. ജോണുമായി കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ഔദ്യോഗികമായി അവര്‍ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. പത്രവാര്‍ത്ത കാണുക.
ചിത്രത്തെക്കുറിച്ച് : കഥാഗതിയിലെ ഇഴചിലുകള് ചില വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. സാങ്കേതികമായി മികച്ചുനില്‍ക്കുന്ന ചിത്രം , മികച്ച പിക്ചര്‍ ക്വാളിറ്റി തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാവരും എടുത്തു പറയുന്നുമുണ്ട്. എടുത്തു പറയേണ്ടുന്ന വസ്തുത നിര്‍മ്മാണത്തില്‍ വന്ന ചെലവ് കുറവാണ്. കുറഞ്ഞത് മൂന്നര കോടി വേണം ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ എന്ന് വാശി പിടിച്ചു നടക്കുന്നവര്‍ക്ക് മുന്നില്‍ ഒന്നേ കാല്‍ക്കോടിയില്‍ താഴെ മാത്രം ( കണക്കുകള്‍ കേട്ടറിവാണ് ) ചെലവ് ചെയ്തു സിനിമ നിര്‍മ്മിച്ച്. പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന സമീര്‍ താഹിരിനും ജോമോനും അഭിനന്ദനങ്ങള്‍.
ഒരു ഓഫ് ചരിത്രം : ഒരു വര്‍ഷം മുന്‍പുള്ള സമയത്താണ് ഞാന്‍ ഈ സൈറ്റ് ലോഞ്ച് ചെയ്യുന്നതും ടെക്നിക്കല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതും. അതിനും മുന്‍പ്, മലയാള സിനിമാ രംഗത്തെ പലരോടും ഈ സാധ്യതയെക്കുറിച്ച് ഞാന്‍ വിശദമാക്കിയിരുന്നു. പക്ഷെ ഒട്ടു മിക്കവരും അല്‍പ്പം പരിഹാസത്തോടെയാണ് സ്റ്റില്‍ ക്യാമറയില്‍ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയെക്കുറിച്ച് പറഞ്ഞത്. എറണാകുളത്തു വച്ച്; ഒരു പ്രശസ്ത ബ്ലോഗ്ഗറുടെ മുറിയില്‍ വച്ച് , വര്‍ഷങ്ങളോളം സിനിമാ രംഗത്തുള്ളതും, സംസ്ഥാന അവാര്‍ഡു വരെ നേടിയതും ആയ ഒരു സംവിധായകനോട് ഇക്കാര്യം വിശദീകരിച്ചു സംസാരിച്ചിരുന്നു. ആദ്യമൊക്കെ താല്‍പ്പര്യത്തോടെ കേട്ടിരുന്ന അദ്ദേഹം പിന്നീട് ഈ രീതിയെ നിശിതമായി വിമര്‍ശിക്കുകയാണ് ഉണ്ടായത് ചാപ്പ കുരിശിന്റെ വിജയം അദ്ദേഹത്തിനുള്ള മറുപടി ആയിരിക്കട്ടെ.